സിൽവർ ലൈൻ: ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ല: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സില്‍വര്‍ലൈന്‍ പദ്ധതിക്കായി ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനുവേണ്ടിയുള്ള നടപടിയാണ്. ഇതിനുശേഷം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരില്‍ നിന്ന് അഭിപ്രായം കേട്ട് ചര്‍ച്ച നടത്തി സ്ഥലത്തിന്റെ വില നിശ്ചയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളുവെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ഈ വസ്തുതകള്‍ മറച്ചു വച്ചുകൊണ്ട് പ്രതിപക്ഷവും വര്‍ഗീയ ശക്തികളും നടത്തുന്നത് അരാജക സമരമാണെന്നും കോടിയേരി പറയുന്നു. ഇടതുമുന്നണി പ്രകടനപത്രിക മുന്നോട്ടുവച്ച പദ്ധതിയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നാലു മണിക്കൂര്‍കൊണ്ട് എത്താനുള്ള സില്‍വര്‍ ലൈന്‍ പദ്ധതി. കേരള വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യഘടകമാണ്. ഗതാഗതസൗകര്യം വര്‍ധിപ്പിക്കാന്‍ കെ റെയില്‍ അത്യാവശ്യമാണെന്നും വോട്ടര്‍മാരുടെ അംഗീകാരം വാങ്ങി നടപ്പാക്കുന്ന പ്രഖ്യാപിത പദ്ധതിയാണ് ഇതെന്നും കോടിയേരി അറിയിച്ചു.
'സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കാന്‍ മുമ്പ് ഉരകല്ലിനെയാണ് ആശ്രയിച്ചിരുന്നത്. സ്വര്‍ണമോ പിത്തളയോ എന്ന് പെട്ടെന്ന് അറിയാന്‍ സാധിക്കും. ഒരു രാഷ്ട്രീയകക്ഷിയെയോ അതിന്റെ ഭരണത്തെയോ തിരിച്ചറിയാനുള്ള ഉരകല്ലാണ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയോ എന്ന പരിശോധന. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും ജനപക്ഷബദല്‍ നയം നടപ്പാക്കുന്നതിലും രാജ്യത്തിന് മാതൃകയാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറെന്നും കോടിയേരി വിശദീകരിച്ചു.