കൊല്ലത്ത് ബി.ജെ.പിയുടെ കെ റെയിൽ പ്രതിഷേധ വേദിയിൽ കോൺഗ്രസ് നേതാവ്

കെ റെയിൽ പദ്ധതിക്കെതിരെ കോഴിക്കോടും കൊല്ലത്തും നടന്ന വ്യത്യസ്ത ബി.ജെ.പി പരിപാടികളിൽ പങ്കെടുത്ത് കോൺഗ്രസ്-ലീഗ് നേതാക്കൾ. കൊല്ലത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത സെമിനാറിൽ കെ.പി.സി.സി മുൻ സെക്രട്ടറി സൈമൺ അലക്‌സ് ആണ് പങ്കെടുത്തത്.

കോഴിക്കോട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ നയിച്ച ജാഥയിൽ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ടി.ടി. ഇസ്മയിലാണ് പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ് പൊന്നാടയിണിച്ചാണ് വേദിയിലെത്തിയ ഇസ്മയിലിനെ സ്വീകരിച്ചത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, പ്രകാശ്ബാബു തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

അതേസമയം, സമരങ്ങളിൽ ബി.ജെ.പിക്കൊപ്പം സഹകരിക്കുന്ന കോൺഗ്രസ് സി.പി.ഐ.എം സെമിനാറുകളിൽ നിന്ന് നേതാക്കളെ വിലക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബി.ജെ.പി ഇതര സർക്കാരുകളുടെ പ്രതീകമായ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോൺഗ്രസ് നേതൃത്വം വിലക്കി? സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു.

സി.പി.ഐ.എം സെമിനാറുകളിൽ മുൻപ് നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളിൽ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങൾ തയ്യാറാണ്. മുൻപ് കോൺഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളിൽ ഞങ്ങൾ പങ്കെടുത്തിട്ടുമുണ്ട്.അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ് എന്താണ് ഉന്നം വെക്കുന്നതെന്നും റിയാസ് പറഞ്ഞു.

25-Mar-2022