കേരളത്തിൽ കോൺഗ്രസ് അംഗത്വ വിതരണം പ്രതിസന്ധിയിൽ; ചേർന്നത് 15000ൽ താഴെ
അഡ്മിൻ
സംസ്ഥാനത്ത് കോൺഗ്രസ് അംഗത്വ വിതരണം പ്രതിസന്ധിയിൽ. മാർച്ച് 31നകം പൂർത്തിയാക്കേണ്ട കോൺഗ്രസ് അംഗത്വവിതരണം എങ്ങുമെത്താത്ത സ്ഥിതിയിൽ ഇഴഞ്ഞു നീങ്ങുന്നു. മാർച്ച് 31നു മുൻപ് 50 ലക്ഷം പേര് പേരെ കോൺഗ്രസ് അംഗങ്ങളാക്കി മാറ്റണമെന്നാണ് കെപിസിസിക്ക് നേരത്തെ കിട്ടിയ നിർദ്ദേശം. എന്നാൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ചേർന്ന അംഗങ്ങൾ വളരെ കുറവാണ്. മാർച്ച് ഒന്നിന് ആരംഭിച്ച അംഗത്വവിതരണം 25 ദിവസം പൂർത്തിയായപ്പോൾ 15000 പേർ മാത്രമാണ് അംഗങ്ങളായി എത്തിയത്.
പുനഃസംഘടനയുടെ ഭാഗമായി താഴെത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളടക്കം രൂപീകരിച്ച് ഉണർവുണ്ടാക്കാണമെന്ന് കെപിസിസി നേതൃത്വം നേരത്തെ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അംഗത്വ വിതരണം എങ്ങുമെത്താത്ത സ്ഥിതിയിൽ നിൽക്കുന്നത്. കോൺഗ്രസ് പാർട്ടിയിലേക്ക് സാധാരണക്കാർ എത്തുന്നില്ലെന്ന സാഹചര്യം മുൻനിർത്തി ഈ ആഴ്ച മെമ്പർഷിപ്പ് വാരമായി ആചരിക്കുവാനാണ് കെപിസിസി നിർദ്ദേശിച്ചിരിക്കുന്നത്.
പേപ്പർ മെമ്പർഷിപ്പ് ഉപയോഗിച്ചും അംഗത്വവിതരണം നടത്താനുമുള്ള അടിയന്തര തീരുമാനവും സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായി 2017ൽ 35ലക്ഷം പേർക്ക് അംഗത്വവിതരണം നടത്തിയിരുന്നു. 50 ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ വലിയ ജില്ലകളിൽ ആറു ലക്ഷം പേരെയും ഇടത്തരം ജില്ലകളിൽ നാലു ലക്ഷം പേരെയും ചെറിയ ജില്ലകളിൽ മൂന്നു ലക്ഷം പേരെയും ചേർക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
അഞ്ച് രൂപയാണ് ഇപ്പോഴത്തെ അംഗത്വ ഫീസ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനത്തിൽ ഏപ്രിലിൽ പെരുമാറ്റച്ചട്ടം വരും. ഇതുവരെയുള്ള അംഗത്വവിതരണ സ്ഥിതി വിലയിരുത്തുന്നതിനായി ഇന്ന് കേരളത്തിലെ മുഴുവൻ ബൂത്തുകളിലും സമ്പൂർണ മെമ്പർഷിപ്പ് ക്യാമ്പെയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.