നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയം വിടാതെ പിന്തുടരുന്ന കോൺഗ്രസ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എല്ലാ ജനറല്‍ സെക്രട്ടറിമാരോടും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോടും പങ്കെടുക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ സംഘടനാ പരമായ അഴിച്ചുപണി ആവശ്യപ്പെടുന്ന ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവര്‍ ഉള്‍പ്പടെയുള്ള ജി 23 നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

സംഘടന തിരഞ്ഞെടുപ്പുകള്‍, അംഗത്വ വിതരണം, പ്രതിഷേധ പരിപാടികളുടെ ആസൂത്രണം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. യോഗത്തില്‍ പങ്കെടുക്കുന്ന സോണിയ ഗാന്ധി ഇതുവരെയുള്ള അംഗത്വ വിതരണത്തിന്റെ പുരോഗതിയും പാര്‍ട്ടിയുടെ ഭാവി പരിപാടികളും അവലോകനം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

26-Mar-2022