6 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആരംഭിച്ചത് 3000 സ്റ്റാര്‍ട്ടപ്പുകൾ: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിൽ അവസാന 6 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആരംഭിച്ചത് 3000 സ്റ്റാര്‍ട്ടപ്പുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുവഴി സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളാണെന്നും 2026 ആകുമ്പോളേയ്ക്കും 15,000 സ്റ്റാര്‍ട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കാനും സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയിലേയ്ക്ക് നയിക്കാനും സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. സംസ്ഥാനത്തെ ഇന്‍കുബേറ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ആശയ വികസനം മുതല്‍ കൂടുതല്‍ ധനസഹായം നല്‍കുക, മെന്റര്‍ഷിപ്പ് പരിപാടികള്‍ കൂടുതലായി നടത്തുക എന്നീ നടപടികളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പിന്തുണ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്.
നിക്ഷേപം ലഭ്യമാക്കുന്നതിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 2016 ല്‍ ഏകദേശം 50 കോടി രൂപ ആയിരുന്നെങ്കില്‍ ഇന്നത് ഏകദേശം 3200 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തിലുടനീളമുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയവയിലായി 341 ഇന്നവേഷന്‍ & ഓന്‍ട്രപ്രനര്‍ഷിപ് സെന്ററുകള്‍ ആരംഭിക്കുകയും അവ മുഖാന്തരം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍-സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാ വിനിമയത്തിനുള്ള ഒരു ശൃംഖല രൂപീകരിക്കുകയും ചെയ്തു.
എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐ.ടി.ഐ.കള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ എന്നിവയോട് ചേര്‍ന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ സജ്ജീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉല്‍പാദന പ്രക്രിയയില്‍ പങ്കാളികളാകാനും പരിശീലനം നേടാനും വരുമാനമുണ്ടാക്കാനും ഉള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഭ്യസ്തവിദ്യരായ ആളുകളെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യാം.
കേരളത്തിലെ 14 ജില്ലകളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപ വകയിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് സ്‌കില്‍ എക്കോ സിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കില്‍ കോഴ്‌സുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. വിദ്യാഭ്യാസ സ്ഥാപനത്തോട് അനുബന്ധിച്ച് ഉല്‍പാദന കേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കുന്നതിന് സഹായകരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഒരു നിയോജക മണ്ഡലത്തില്‍ ഒരു സ്ഥാപനം എന്ന ക്രമത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. നോളജ് ഇക്കണോമി മിഷനില്‍ പങ്കാളികളായി കെ-ഡിസ്‌ക്കുമായി സഹകരിച്ച് കോഴ്‌സകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ സഹായം നല്‍കും. ഇതിനായി കിഫ്ബിയില്‍ നിന്നും 140 കോടി രൂപ വകയിരുത്തും. ജ്ഞാന സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിനു കരുത്തു പകരാന്‍ ഇത്തരം ഇടപെടലുകളിലൂടെ നിശ്ചയമായും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
26-Mar-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ