കണ്ണൂര്‍ സര്‍വകലാശാല കലോത്സവം; കോളേജ് വിദ്യാര്‍ഥികള്‍ വികസന കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല കലോത്സവം ആവേശത്തോടെ നടക്കുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കലോത്സവത്തിന്റെ മത്സരയോട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ വികസന കാഴ്ചപ്പാടുകളും പങ്കുവെക്കാന്‍ മറക്കുന്നില്ല.

സംസ്ഥാനത്ത് നടപ്പാക്കുന്ന കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏറെയാണ്. കലോത്സവ നഗരിയില്‍ സ്ഥാപിച്ച കെ റെയില്‍ മാതൃകയ്ക്കടുത്ത് നിന്ന് ഓരോരുത്തരും കെ റെയില്‍ പദ്ധതിയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യാത്രാസമയം ലാഭിക്കുന്നതിനും സഹായകമാകുന്ന പദ്ധതിയെന്നാണ് കൗമാരപ്രതിഭകളുടെ വിലയിരുത്തല്‍. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ മണിക്കൂറുകളോളം നീളുന്ന ട്രെയിന്‍ യാത്രക്ക് അറുതിയാവുമെന്ന ആശ്വാസമാണ് ഭൂരിഭാഗം പേരിലും.

സംസ്ഥാനം വികസന പാതയിലാണ്. ആശുപത്രി ആവശ്യങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കും തിരുവനന്തപുരം വരെ എത്താന്‍ ദീര്‍ഘയാത്ര ചെയ്യണം. കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇതിന് പരിഹാരമാകുമല്ലോ എന്ന് പറയുകയാണ് ബദിയടുക്കയിലെ സിന്‍ഷന ശര്‍മ.

ദീര്‍ഘദൂരയാത്രയായതിനാല്‍ പലപ്പോഴും തിരുവനന്തപുരത്തേക്ക് പോവാന്‍ പറ്റാറില്ല. ഒരു രാത്രി മുഴുവന്‍ ട്രെയിനില്‍ ചിലവഴിക്കണം. കെ റെയില്‍ ഇതിനൊക്കെയുള്ള പരിഹാരമാണെന്നാണ് ബോവിക്കാനത്ത് നിന്നുള്ള സ്നേഹയുടെ അഭിപ്രായം.

കെ റെയില്‍ ഭാവിയിലേക്ക് അത്യാവശ്യം ആണെന്നാണ് നീലേശ്വരത്ത് നിന്നുള്ള സോന പറയുന്നത്. കൃത്യമായ ഇടവേളകളില്‍ നിലവില്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ ഇല്ല. മണിക്കൂറുകളോളം ട്രെയിനില്‍ ചിലവഴിക്കണം. കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തേക്ക് എളുപ്പത്തില്‍ പോയി വരാനാവുമെന്നും സോന പറയുന്നു.

കെ റെയില്‍ പദ്ധതി നിലവില്‍ വന്നാല്‍ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് അംഗഡിമുഗറിലെ എം എസ് ഷബ്ന ഇബ്രാഹിം പറയുന്നു. ആധുനിക കാലത്ത് സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂറോളം നീളുന്ന തിരുവനന്തപുരം യാത്ര വളരെ ബുദ്ധിമുട്ടേറിയതാണെന്നും ഷബ്ന പറയുന്നു.

കേരളത്തിന്റെ വികസനത്തിന്റെ ഭാഗമാണ് കെ റെയില്‍ പദ്ധതിയെന്ന് ഉളിയത്തടുക്കയിലെ എം അനുരാഗ്. പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കണമെന്നുമാണ് ഉളിയത്തടുക്കയിലെ എം അനുരാഗിന്റെ അഭിപ്രായം. മികച്ച നഷ്ടപരിഹാര പാക്കേജ് ഗുണകരമാണ്.
വിഷ്ണുമായ എം ബേത്തൂര്‍പാറ- കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വേണം. വികസനം നടക്കുമ്പോള്‍ പല പദ്ധതികളും തൊഴിലവസരവും നേട്ടങ്ങളും ഉണ്ടാവും. യുവജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുള്ളതാണ് കെ റെയില്‍ പദ്ധതി.

27-Mar-2022