തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ സോഷ്യല്‍ ഓഡിറ്റ് ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റർ

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീ രാജ് മന്ത്രി ഗിരിരാജ് സിംഗുമായി കൂടിക്കാഴ്ച നടത്തി. 2019 മുതല്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍കൗശല്‍ യോജന (ഡി.ഡി.യു-ജി.കെ.വൈ) പദ്ധതിയുടെ കീഴില്‍ ദേശീയ പ്രോജക്ട് അപ്രൈസല്‍ ഏജന്‍സിയായിരുന്ന കുടുംബശ്രീയുടെ പ്രസ്തുത പദവി അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന വനിതാ സ്വയം സഹായ സംഘം എന്ന നിലയിലും രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ വനിതാ ശാക്തീകരണ സ്ഥാപനം എന്ന നിലയിലും ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ നേടിയിട്ടുള്ള കുടുംബശ്രീ കേന്ദ്ര സർക്കാരിന്റെ റാങ്കിംഗിലും ഒന്നാമതാണെന്ന വസ്തുതയും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. രാജ്യത്തെ 8 സംസ്ഥാനങ്ങളുമായി കുടുംബശ്രീ ധാരണാപത്രത്തില്‍ ഏര്‍പ്പെടുകയും 1022 പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികളുടെ ഗുണപരമായ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ്-19 മഹാമാരിമൂലം കര്‍ണാടക പ്രോജക്ടുമായി ബന്ധപ്പെട്ട് ക്വാളിറ്റേറ്റീവ് അപ്രൈസല്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസമാണ് ഇക്കുറി അപ്രൈസല്‍ ഏജന്‍സി പദവി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതിന് കാരണമായത്. ഈ സാഹചര്യം പരിഗണിച്ച് കുടുംബശ്രീയുടെ പ്രൊജക്റ്റ് അപ്രൈസല്‍ ഏജന്‍സി പദവി പുനഃസ്ഥാപിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത്, ജല്‍ ജീവന്‍ മിഷനു കീഴിലുള്ള പദ്ധതി ചെലവിന്റെ സംസ്ഥാന വിഹിതം നിറവേറ്റുന്നതിന് സി.എഫ്.സി ഗ്രാന്റിന്റെ കെട്ടിവെച്ച ഭാഗം ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കാത്ത സാഹചര്യമെന്തെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ 2021-22 സോഷ്യല്‍ ഓഡിറ്റിന് കണക്കാക്കിയിട്ടുള്ള മൊത്തം ചെലവ് 4,88,61,000 രൂപയാണ്. കേരളത്തിന് അനുവദിച്ചത് 2,92,21,000 രൂപയും. ഈ തുക അപര്യാപ്തമാണ്. ആയതിനാല്‍ 500 ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കേരളത്തിലെ സോഷ്യല്‍ ഓഡിറ്റ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്യുകയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനമെന്ന പരിഗണന ഈ വിഷയത്തില്‍ കേരളത്തിന് നല്‍കണമെന്നുംമന്ത്രി അഭ്യര്‍ത്ഥിച്ചു.

2021-2022 സാമ്പത്തിക വര്‍ഷത്തില്‍ സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ ചിലവുകള്‍ക്ക് കേരളത്തിന് 1933.50 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത് എന്നാല്‍ 292.21 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമുള്ള തുക ലഭിക്കാത്തതിനാല്‍ സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിക്ക് ഡേറ്റാ എന്‍ട്രി നടത്താനും ഇതുവരെ ലഭിച്ച 25,000 അപേക്ഷകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാനും സാധ്യമായിട്ടില്ല. ഈ ആവശ്യങ്ങള്‍ക്കും സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ മറ്റ് ചിലവുകള്‍ക്കും തുക ആവശ്യമാണ്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ സോഷ്യല്‍ ഓഡിറ്റ് ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് സർക്കാരിന്റെ മറ്റൊരു ആവശ്യം. ആവശ്യങ്ങൾ പരിശോധിക്കുമെന്നും പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷന്‍ സ്പാര്‍ക്ക് റാങ്കിംഗില്‍ ഒന്നാമതെത്തിയ കേരളത്തെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. രാജ്യസഭാ എം.പി. ഡോ. വി. ശിവദാസനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

27-Mar-2022