സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പൊതു പണിമുടക്ക് നാളെ മുതല്‍

സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ ആരംഭിക്കും. 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യത്തെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല.

മോട്ടോര്‍ വാഹന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, എല്‍ഐസി, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരും പണിമുടക്കിന്റെ ഭാഗമാകും.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

27-Mar-2022