ഇന്ധന വില വർദ്ധനവ്; ഏപ്രിൽ രണ്ടിന്‌ രാജ്യവ്യാപക പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്ത് സിപിഐഎം

രാജ്യത്തെ ഇന്ധന വിലവർധനവിനെതിരായി ഏപ്രിൽ രണ്ടിന്‌ രാജ്യവ്യാപക പ്രതിഷേധത്തിന്‌ എല്ലാ പാർടി ഘടകങ്ങളോടും സിപിഐഎം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ മേൽ ചുമത്തുന്ന ഭീമമായ സർചാർജും സെസും അടിയന്തരമായി പിൻവലിക്കാൻ നരേന്ദ്രമോദി സർക്കാർ തയ്യാറാകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

സെസിലൂടെയും സർചാർജിലൂടെയും വലിയ വരുമാനമാണ്‌ കേന്ദ്രത്തിന്‌ ലഭിക്കുന്നത്. സെസും സർചാർജും പിൻവലിച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസം പകരാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കഴിഞ്ഞ ആറ്‌ ദിവസത്തിനിടെ അഞ്ച്‌ വട്ടമാണ്‌ പെട്രോൾ–ഡീസൽ വില വർധിപ്പിച്ചത്‌. പെട്രോൾ– ഡീസൽ വിലയിൽ ലിറ്ററിന്‌ 3.75 രൂപയുടെ വർധനവ്‌ വന്നു. ഇതോടൊപ്പം പാചകവാതകത്തിന്റെയും മറ്റ്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലയും വർധിച്ചു.

അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം, വർധിച്ച തൊഴിലില്ലായ്‌മ, ദാരിദ്ര്യം, പട്ടിണി എന്നിവ മൂലം വലയുന്ന ജനങ്ങളുടെ ജീവിതോപാധിക്ക്‌ മേൽ കൂടുതൽ ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ്‌ ഇന്ധന വിലവർധനവ്‌. വിലവർധനവിനെതിരായി എല്ലാ പാർടി ഘടകങ്ങളും ഏപ്രിൽ രണ്ടിന്‌ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

28-Mar-2022