തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകരുതെന്ന് കേന്ദ്ര സർക്കാരിനുള്ള താക്കീതാണ് പണിമുടക്ക്: സിപിഎം പിബി

രണ്ടുദിവസത്തെ പൊതുപണിമുടക്ക് വിജയിപ്പിച്ച രാജ്യത്തെ തൊഴിലാളി വർഗത്തെ അഭിനന്ദിക്കുന്നതായി സിപിഐ എം പോളിറ്റ്ബ്യൂറോ പുറപ്പെടിവിച്ച പ്രസ്താവനയിൽ അറിയിച്ചു. 10 കേന്ദ്ര ട്രേഡ് യൂണിയനും മേഖലാതല ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിൽ ദശലക്ഷങ്ങൾ അണിചേർന്നു. പണിമുടക്ക് കേരളത്തിൽ പൂർണമായി. ബംഗാൾ, തമിഴ്നാട്, ഹരിയാന, ത്രിപുര, തെലങ്കാന, അസം, കർണാടക എന്നിവിടങ്ങളിലെ പ്രധാന വ്യവസായകേന്ദ്രങ്ങളിൽ പണിമുടക്ക് വൻതോതിൽ നടന്നതായി പിബി അഭിപ്രായപ്പെട്ടു.

രാജ്യത്തെ ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ സ്തംഭിച്ചു. ഗതാഗതം, വൈദ്യുതി എന്നീ മേഖലകളിൽ പണിയെടുക്കുന്നവരും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ജീവനക്കാരും പദ്ധതിത്തൊഴിലാളികളും പണിമുടക്കി.

കേന്ദ്രസർക്കാർ നടപടികൾക്കെതിരായ രോഷപ്രകടനമാണ് പണിമുടക്കിന്റെ വിജയത്തിൽ കാണാൻ കഴിയുന്നത്. സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും സജീവ പിന്തുണ നൽകി. ചില സംസ്ഥാനങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങളെ അപലപിക്കുന്നു. തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകരുതെന്ന് കേന്ദ്ര സർക്കാരിനുള്ള താക്കീതാണ് പണിമുടക്കെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.

30-Mar-2022