കേന്ദ്ര സര്‍ക്കാര്‍ 58 കോടി വരുന്ന ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അരികുവല്ക്കരിക്കുന്നു: എളമരം കരീം

ഇന്ത്യയിലെ തൊഴിലാളികളെ രണ്ടുദിവസത്തെ പൊതുപണിമുടക്ക് നടത്തുന്നതിന് നിർബന്ധിതരാക്കിയത് കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളെല്ലാം ഇല്ലാതാക്കി സർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകള്‍ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. തൊഴില്‍ സുരക്ഷയുള്‍പ്പെടെ നാളിതുവരെ തൊഴിലാളി സമൂഹം ആര്‍ജിച്ചെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്ന ലേബര്‍ കോഡുകള്‍ പ്രതിലോമകരമായി പ്രയോഗിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. പണിമുടക്കിനെതിരായ ഹൈക്കോടതി ഉത്തരവുകളും കരാര്‍ തൊഴില്‍ വ്യാപകമാകുന്നതും ലേബര്‍ കോഡുകള്‍ എങ്ങനെ തൊഴിലാളി വിരുദ്ധമായി മാറുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണങ്ങളാണ്.

ലേബര്‍ കോഡുകളിന്മേൽ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി തന്നെ ഏകകണ്ഠമായി പല ഭേദഗതികളും നിർദ്ദേശിച്ചതാണ്. എന്നാല്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശകളെ പൂര്‍ണമായും തള്ളാനാണെങ്കില്‍ എന്തിന് നികുതി പണം ചെലവാക്കി ഇത്തരം ഒരും സംവിധാനം നിലനിര്‍ത്തണം? പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി, ട്രേഡ് യൂണിയനുകള്‍ തുടങ്ങിയ ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടവരുടെ അഭിപ്രായങ്ങളെ പൂര്‍ണമായും അവഗണിച്ച് ഏകപക്ഷീയമായ തൊഴിലാളി വിരുദ്ധ നടപടികളാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്.

അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപക അംഗമാണ് ഇന്ത്യ. എന്നാല്‍ ഈ ലേബര്‍ കോഡുകളിലൂടെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ തൊഴിലാളികള്‍ക്കായി കൊണ്ടുവന്ന വിവിധ പ്രമാണങ്ങളുടെ അന്തസത്ത പൂര്‍ണമായും ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടണം. അതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കാന്‍ തയ്യാറകണം.
ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത ആശയമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്. 1940 മുതല്‍ ആരംഭിച്ച ലേബര്‍ കോണ്‍ഫറന്‍സ് 2015 വരെ ചേര്‍ന്നിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം ലേബര്‍ കോണ്‍ഫറന്‍സ് ചേരാറില്ല.

തൊഴിലാളികള്‍ക്ക് അവരുടെ ആശങ്കകളും ആവശ്യങ്ങളും ഉന്നയിക്കാനുള്ള വേദിയാണ് ഇതിലൂടെ ഇല്ലാതാക്കിയത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ലേബര്‍ കോണ്‍ഫറന്‍സ് വീണ്ടും ചേരേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും എളമരം കരീം വ്യക്തമാക്കി. സമീപ കാലത്തെ ബജറ്റ് പ്രസംഗങ്ങളിലോ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗങ്ങിലോ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലോ ഒരിക്കല്‍ പോലും തൊഴിലാളി ക്ഷേമം , തൊഴില്‍ സുരക്ഷ തുടങ്ങിയ വാക്കുകള്‍ കാണാന്‍ സാധിക്കില്ല . ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.

ഈ നയത്തിന് കോര്‍പ്പറേറ്റുകളും അന്താരാഷ്ട്ര മൂലധന ശക്തികളും ചേര്‍ന്നാണ് രൂപം നല്‍കിയത്. രാജ്യത്തെ വ്യവസായ സൗഹൃദമാക്കുന്നുവെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ 58 കോടി വരുന്ന ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അരികുവല്‍കരിക്കുകയാണ്.

31-Mar-2022