ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയാണ് കൂടുതല്‍ ഔട്‌ലെറ്റുകള്‍: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റർ . സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പോലെത്തന്നെയാണ് പ്രതിപക്ഷത്തിന്റെ മദ്യ നയത്തോടുമുള്ള വിമര്‍ശനം. ഐടി പാര്‍ക്കുകളില്‍ അനുവദിക്കുന്ന മദ്യശാലകളില്‍ അവിടെയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയാണ് കൂടുതല്‍ ഔട്‌ലെറ്റുകള്‍. ഇത് മദ്യപരുടെ നാടെന്ന വിമര്‍ശനം മാറ്റുമെന്നും എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
മുന്നണിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, എന്നാല്‍, സിപിഐയുടെ എതിര്‍പ്പിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി. കാര്‍ഷിക വിളകളില്‍ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാന്‍ ആണ് പുതിയ മദ്യ നയത്തിലെ തീരുമാനം. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരമാകും പുതിയ ഔട്ട്ലെറ്റുകള്‍ തുടങ്ങുക. സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ എം വി ?ഗോവിന്ദന്‍ പറഞ്ഞിരുന്നു. കശുമാങ്ങ, ജാതിക്ക, പൈനാപ്പിള്‍, തുടങ്ങിവയില്‍ നിന്നുള്ള ഉല്‍പാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.
ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. കൂടുതല്‍ മദ്യശാലകള്‍ വരുമെന്നും ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ സൗകര്യം കൂട്ടുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഡ്രൈ ഡേ പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചു.
നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 60000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവര്‍ക്കായി മദ്യശാലകള്‍ തുറക്കുന്നത്, കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.