രാജ്യത്തെ സിഎന്‍ജി വിലയും വാണിജ്യ സിലിണ്ടര്‍ വിലയും വർദ്ധിപ്പിച്ചു

പെട്രോ‍ള്‍- ഡീസല്‍ വില വര്‍ധനയ്ക്കു പുറമേ സിഎന്‍ജി വിലയും വാണിജ്യ സിലിണ്ടറിന്റേയും വില കുത്തനെ കൂട്ടി.ഒരു കിലോ സിഎന്‍ജി വിലയില്‍ എട്ട് രൂപയില്‍ അധികമാണ് വര്‍ധനവുണ്ടായത്. കൊച്ചിയില്‍ 72 രൂപയായിരുന്ന സിഎന്‍ജി വില 80 രൂപയായി ഉയര്‍ന്നു. മറ്റു ജില്ലകളില്‍ ഇപ്പോള്‍ വില 83 രൂപയാണ്.വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 256 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ഇതോടെ കൊച്ചിയിലെ വാജിജ്യ സിലിണ്ടര്‍ വില 2256 രൂപയായി. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്ന് അധിക നികുതി ഭാരം ഉള്‍പ്പടെ പല സാധനങ്ങള്‍ക്കും വില ഉയരുന്നതിനിടെയാണ് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് വിലവര്‍ധവ്.

കഴിഞ്ഞ ആറ് മാസത്തില്‍ സിഎന്‍ജി നിരക്കില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ചില നഗരങ്ങളില്‍ വില 37 ശതമാനം വരെ സിഎന്‍ജി വില കുതിച്ചു. നഗര വാതക വിതരണക്കാരുടെ വര്‍ധിച്ച ചെലവ് നികത്താനും, ശക്തമായ ലാഭം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ വര്‍ധന. കേരളത്തില്‍ ഒരു മാസം മുമ്ബ് ഇത് വെറും 56.3 രൂപയായിരുന്നു സിഎന്‍ജി വില. മൂന്നു മാസം മുമ്പ് 54.45 രൂപയും. ഇതാണ് 80 രൂപയായി വര്‍ധിച്ചത്.

01-Apr-2022