ഐ എല്‍ ജി എം എസിന്റെ സേവനം ക്ലൗഡ് സര്‍വ്വീസിന്റെ വേഗതയോടെ ലഭ്യമാക്കും : മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
അഡ്മിൻ
സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രില്‍ നാല് മുതല്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ എല്‍ ജി എം എസ് ) സേവനം ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഐ എല്‍ ജി എം എസ് സംവിധാനം ഏറെ ഉപകാരപ്പെടുന്നുണ്ട്. ഇതിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളില്‍ സോഫ്റ്റ്വെയര് സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
2020 സപ്തംബറില്‍ 154 പഞ്ചായത്തുകളിലും 2021 സപ്തംബറില്‍ 155 പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഐ എല്‍ ജി എം എസ് സജ്ജമാക്കുന്നത്. ഐ എല്‍ ജി എം എസിന്റെ പ്രവര്‍ത്തനത്തില്‍ പീക്ക് സമയങ്ങളില്‍ വേഗത കുറവുണ്ടാകുന്നത് സെന്റര്‍ സര്‍വ്വറിന്റെ പോരായ്മ നിമിത്തമായിരുന്നു. ഇത് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സര്‍വ്വീസ് സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ഏപ്രില്‍ 1, 2 തിയ്യതികളില്‍ നടത്തിയ സാങ്കേതികമായ കൂട്ടിചേര്‍ക്കലോടെ ഐ എല്‍ ജി എം എസിന്റെ സേവനം ക്ലൗഡ് സര്‍വ്വീസിന്റെ വേഗതയോടെ ലഭ്യമാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഐ എല്‍ ജി എം എസ് കൂടാതെ മൊബൈല്‍ ആപ്പുകള്‍ വഴി മിക്കവാറും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും രണ്ടാംഘട്ട ഓണ്‍ലൈന്‍സേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു