ചിന്ത- നവയുഗം വിവാദം തുടരാൻ താൽപര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സി.പി.ഐ.എം- സി.പി.ഐ പാർട്ടികളുടെ മുഖപത്രങ്ങളായ ചിന്ത- നവയുഗം വിവാദം തുടരാൻ താൽപര്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സി.പി.ഐ.എം ചിന്തയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സി.പി.ഐയുടെ ഭാഗത്ത് നിന്നും നവയുഗത്തിൽ ഇടപെടൽ ഉണ്ടാവണമെന്നും, വിവാദങ്ങൾ അനവസരത്തിലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റാണ്. സി.പി.ഐ.എമ്മും സി.പി.ഐയും ചേർന്ന് പ്രവർത്തിക്കുകയാണ്. പഴയ കാര്യങ്ങൾ തേടിപ്പിടിച്ച് പറയേണ്ട അവസരമല്ലിത്. അങ്ങനെ പറയാനാണേൽ രണ്ട് കൂട്ടർക്കുമുണ്ട്. രണ്ട് കൂട്ടരുടേയും ബന്ധം ശക്തിപ്പെടുത്തേണ്ട അവസരത്തിൽ വിവാദത്തിന്റെ ആവശ്യമില്ല. വിവാദമവസാനിക്കാൻ സി.പി.ഐ.എം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു സി.പി.ഐ.എം രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിൽ പറഞ്ഞിരുന്നത്. ചിന്ത വാരികയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.