ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസസന്ധിക്കിടെ രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എഐസിസി പുന:സംഘടന നടക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്റെ ഭാഗം ന്യായീകരിക്കും. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുന:സംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാലിന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും പരാതിപ്പെട്ടേക്കും.

അതേസമയം, ഐഎന്‍ടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതി സതീശന്‍ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും ഹൈക്കമാന്റിനെ സമീപിച്ചിരുന്നു.

ലിജുവിനെ വെട്ടി ജെബി മേേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിലുള്ള സൈബർ യുദ്ധത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിൻ്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ കെ സുധാകരന് പരാതി നൽകിയിട്ടുണ്ട്.

04-Apr-2022