രാജ്യസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം 30 മാത്രം

രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 17 സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയാണ് ഉണ്ടാവുന്നത്. പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ സ്വാധീനം കൂടി കോണ്‍ഗ്രസിന് നഷ്ടമാവും. കോണ്‍ഗ്രസിന്റെ നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ എത്തിക്കാനായത്.

നിലവില്‍ 30 ആണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യം ഉണ്ടാവും. ഇതോടെ പാര്‍ട്ടിയുടെ അവസ്ഥ കൂടുതല്‍ ദുര്‍ബലമാകും. യുപി , ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ദല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയുടെ തളര്‍ച്ചയിലാണ് നിലവില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിനകത്തു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാര്‍ട്ടി നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ ഒരു തരത്തിലും ഉള്ള അഴിച്ചുപണിയും നടന്നിട്ടില്ല.

04-Apr-2022