രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ കോണ്‍ഗ്രസില്‍ ഉരുണ്ട് കൂടിയിരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിലെ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ഇതില്‍ അസ്വസ്ഥരാണെന്നും രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ അറിയിച്ചതായി സൂചനയുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍നെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങിയിരുന്നു. കെ പി സി സി മുന്നോട്ട് വച്ച എം ലിജുവിന്റെ പേര് പരിഗണിക്കാതെ ജെബി മേത്തറെ രാജ്യസഭയിലേക്ക് പരിഗണിച്ചതില്‍ കെ സുധാകരന് കടുത്ത അസംതൃപ്തിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും എ കെ ആന്റെണിയും അടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ തങ്ങളുടെ വിയോജിപ്പ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചത്്.

ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നടത്തുന്ന ഇടപെടുലുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലും വി ഡി സതീശനും അവരുടെ ശിങ്കിടികളും മാത്രമായി കേരളത്തിലെ കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി എക്കാലത്തും നിലകൊണ്ട ഐ എന്‍ ടി യു സി പാര്‍ട്ടിയുടെ പോഷക സംഘടനയല്ലന്ന് പരസ്യമായി പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ നടപടി വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിച്ചിരുന്നു. ഇത്തരം കടുപിടുത്തങ്ങളും ധാര്‍ഷ്ട്യങ്ങളും മൂലം വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായി അകന്നിരിക്കുകയാണന്നും രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായി അറിയുന്നു.

05-Apr-2022