വിദ്യാഭ്യാസ നയരൂപീകരണത്തിൽ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം പറയാം
അഡ്മിൻ
സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ് സി ഇ ആര്‍ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസ ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍ ഇവിടങ്ങളിലൊക്കെ കുട്ടികള്‍ക്ക് സ്ഥാനം ഉണ്ടാകും.
കുട്ടികള്‍ എന്ത്, എങ്ങനെ, എപ്പോള്‍, എവിടെവച്ച് പഠിക്കണം എന്നിവയൊക്കെ വിദഗ്ധരും അധ്യാപകരും മാത്രമാണ് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നത്. ഇവിടെയൊക്കെ തുടര്‍ന്നങ്ങോട്ട് കുട്ടികളുടെ അഭിപ്രായം കൂടി കേള്‍ക്കും. ആവശ്യഘട്ടങ്ങളില്‍ രക്ഷിതാക്കളെയും പങ്കെടുപ്പിക്കും.
സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള എല്ലാ സഹായവും എസ് സി ഇ ആര്‍ ടി നല്‍കും. അക്കാദമിക വിദഗ്ദരുടെയും അധ്യാപകരുടെയും മുന്നില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ ലഭിക്കുന്ന അവസരം കുട്ടികള്‍ക്ക് മികച്ച അനുഭവം തന്നെയായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസം തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ രംഗം കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം തന്നെ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍ക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.