എന്തുകൊണ്ടാണ് നേതാക്കൾ പാര്‍ട്ടി വിട്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് തന്നെ പരിശോധിക്കണം: യെച്ചൂരി

തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം സാധ്യമാണെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം ഒത്തുവന്നാല്‍ പ്രതിപക്ഷ സഖ്യം രൂപപ്പെടുമെന്നും യെച്ചൂരി പറഞ്ഞു. മലയാളത്തിൽ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ബി.ജെ.പി വിരുദ്ധ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് സംബന്ധിച്ച് സി.പി.ഐ.എമ്മില്‍ ആശയക്കുഴപ്പമൊന്നുമില്ലെന്നും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ക്കും അവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുടെ പങ്ക് അവര്‍ക്കും നിര്‍വഹിക്കാനുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് എന്തുപങ്ക് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്,” ”കോണ്‍ഗ്രസുകാര്‍ ആദ്യം അവരുടെ വീട്ടിലെ കാര്യങ്ങള്‍ നേരെയാക്കട്ടെ,” യെച്ചൂരി വ്യക്തമാക്കി.

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നാണോ സി.പി.ഐ.എം കേരള ഘടകത്തിന്റെ നിലപാട് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിലെല്ലാം അവരുടെ പ്രമുഖ നേതാക്കള്‍ തന്നെ ബി.ജെ.പിയിലേക്ക് പോവുകയാണെന്നും കേരള ഘടകത്തിന്റെ സന്ദേഹത്തിന്റെ സാഹചര്യം അതാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നേതാക്കൾ പാര്‍ട്ടി വിട്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് തന്നെ പരിശോധിക്കണമെന്നും പരിഹരിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

06-Apr-2022