കോണ്‍ഗ്രസുമായി ചേര്‍ന്ന് ഐക്യമുന്നണി ആലോചനയിലില്ല: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് പുറത്താക്കിയാലും കെ വി തോമസ് വഴിയാധാരമാകില്ല.
ബഹുസ്വരതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നതുകൊണ്ടാണ് സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളേയും ക്ഷണിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഐക്യമുന്നണി ആലോചനയിലില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കേണ്ട എന്നുള്ളത് കോണ്‍ഗ്രസിന്റെ നിലപാടിന്റെ ഭാഗമാണ്. ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ബിജെപിക്ക് അലോസരമുണ്ടാക്കുന്നതാണ്.
ബിജെപിക്ക് അലോസരമുണ്ടാക്കുന്നതൊന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചെയ്യാന്‍ തയ്യാറല്ല. ബിജെപിക്കൊപ്പം ചേര്‍ന്നു കൊണ്ട് സമരം ചെയ്യുന്നതിനാണ് സംസ്ഥാന നേതൃത്വം പ്രാധാന്യം നല്‍കുന്നത്. സിപിഎം വിരുദ്ധ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.