എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടമായി ബിജെപിയിലേക്ക് പോകുന്നതെന്ന് യെച്ചൂരി

ഇന്ന് രാവിലെ മുതൽ ചർച്ച ചെയ്തുവന്ന രാഷ്ട്രീയ പ്രമേയം സിപിഎം പാർട്ടികോൺഗ്രസ് അംഗീകരിച്ചു. സീതാറാം യെച്ചുരിയുടെ മറുപടി പ്രസംഗം അവസാനിച്ചു. അതേസമയം രാഷ്ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ ബിജെപിയെ പരായപ്പെടുത്തുക, ഒറ്റപ്പെടുത്തുക ഇതാണ് മുഖ്യ ലക്ഷ്യമെന്നും സിപിഐ എം ശക്തിപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

ഇന്ധന വിലക്കയറ്റമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. പെട്രോളിനും ഡീസലിനും മേലുള്ള സെസുകള്‍ പിന്‍വലിക്കണം. സാമ്പത്തിക വരുമാനം കൂട്ടാന്‍ സമ്പന്നന്മാരില്‍ നികുതി ചുമത്തണമെന്നും നികുതി കുറച്ച് പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കണമെന്നും യെച്ചൂരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുത്വ അജണ്ടയെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് തന്നെ വേണം.

വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടമായി ബിജെപിയിലേക്ക് പോകുന്നതെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസുമായുള്ള നിലപാടിൽ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു.

കൂടാതെ കേരളമോഡല്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായി പോരാടും, ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

08-Apr-2022