സെമിനാറിന്റെ രാഷ്ട്രീയ പ്രധാന്യം മനസ്സിലാക്കിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്: കെവി തോമസ്

താൻ സിപിഎമ്മിന്റെ പാർട്ടി പരിപാടിയിലല്ല, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ളവർ പങ്കെടുക്കുന്ന ദേശീയ സെമിനാറിലാണ് പങ്കെടുക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്.
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നതെന്നും കെ.വി തോമസ് പറഞ്ഞു. 'ഞാനൊരു കോൺഗ്രസുകാരനാണ്, കോൺഗ്രസ് കുടുംബത്തിലാണ് ജനിച്ചത്, വളർന്നത്, അതായിരിക്കും എന്റെ ജീവിതം. ഇന്നത്തെ പരിപാടി ദേശീയ സെമിനാറാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ളവർ പങ്കെടുക്കുന്ന ദേശീയ ശ്രദ്ധയാകർഷിച്ച പരിപാടിയാണ്' കെ.വി തോമസ് വ്യക്തമാക്കി. സെമിനാറിന്റെ വിഷയം തന്റെ നേതാവ് രാഹുൽ ഗാന്ധി പാർലമെൻറിലടക്കം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറിന്റെ രാഷ്ട്രീയ പ്രധാന്യം മനസ്സിലാക്കിയാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും ഈ വിവരം താൻ സോണിയയെയാണ് ആദ്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കെ.സി വേണുഗോപാൽ, ശശി തരൂരിനോട് സോണിയ ഗാന്ധി പോകേണ്ടെന്ന് പറഞ്ഞ കാര്യം തന്നെ വിളിച്ച് അറിയിച്ച് മാഷും അങ്ങനെ ചെയ്യുന്നത് തന്നെയല്ലെ നല്ലതെന്ന് ചോദിച്ചുവെന്നും അപ്പോൾ താൻ സമ്മതിച്ചെന്നും ആ രീതിയിൽ സംഘാടകരെ അറിയിച്ചെന്നും എന്നാൽ അതിന് ശേഷം വളരെ മോശമായ കാര്യങ്ങളുണ്ടായെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.

'എന്നെ പോലെ ഒരു നേതാവിനെ, പോയിക്കഴിഞ്ഞാൽ കാലു തല്ലിയൊടിക്കുമെന്നൊക്കെ പറഞ്ഞാൽ പേടിക്കാനാകില്ല. അതുപോലെ തിരുതതോമ എന്നൊക്കെ ഇപ്പോൾ വിളിക്കുന്നതല്ല. പക്ഷേ, എന്റെ കമ്യൂണിറ്റിയെ ഉൾപ്പെടെ അപമാനിക്കുന്ന തരത്തിലായിരിക്കുന്നു. എന്നേക്കാൾ പ്രായമുള്ളവർക്ക് സീറ്റ് കൊടുത്തിട്ടുണ്ടല്ലേ. പിന്നെ ഞാൻ ഏഴുവട്ടം ജയിച്ചത് ഏന്റെ കുറ്റമാണോ?' അഭിമുഖത്തിൽ കെ.വി തോമസ് ചോദിച്ചു.

ചാനൽ ചർച്ചകളിൽ നിരന്തരം അപമാനിക്കുകയാണെന്നും പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് പലതവണ പറഞ്ഞിട്ടും അപമാനം തുടർന്നുവെന്നും കെവി തോമസ് പറഞ്ഞു. തന്നെ വേദനിപ്പിക്കുന്ന പ്രസ്താവനകൾ ഉണ്ടായെന്നും സോഷ്യൽ മീഡിയ ഉപയോഗിച്ചും എതിരായി പ്രചാരണം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ യു ട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തത് സിപിഎം നേതാവ് തോമസ് ഐസകായിരുന്നുവെന്നും സഭാടിവിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം അഭിമുഖം നടത്തിയെന്നും തോമസ് ചൂണ്ടിക്കാട്ടി. അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും പറഞ്ഞു. താൻ കെ റെയിലിനെ പിന്തുണച്ചിട്ടില്ലെന്നും വികസന പദ്ധതികൾ ആര് കൊണ്ടുവന്നാലും പഠിക്കണമെന്നും അതിൽ കരുണാകരൻ, പിണറായി എന്ന വ്യത്യാസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിയയോട് ഇപ്പോഴും സ്‌നേഹവും ബഹുമാനവും ഉണ്ടെന്ന് പറഞ്ഞ രാഹുലിനും സോണിയയ്ക്കും ഒരേ സ്വഭാവമാകില്ലല്ലോയെന്ന് ചോദിച്ചു. തനിക്ക് എറണാംകുളത്ത് സീറ്റ് നിഷേധിച്ചത് നിഷേധാത്മക സമീപനമാണെങ്കിലും സോണിയ ഇടപെട്ടതോടെ അതിലും എതിർപ്പ് അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു ജീവിതമാണെന്നും ആർക്കും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരവാഹിത്വം കിട്ടാത്തത് കാര്യമാക്കുന്നില്ലെന്ന പറഞ്ഞ അദ്ദേഹം, സിപിഎമ്മിൽ നിന്ന് ഓഫറുണ്ടോ എന്ന ചോദ്യത്തിന് ഇനി എന്ത് പദവി കിട്ടാനാണെന്ന് മറുചോദ്യം ഉന്നയിച്ചു.

സെമിനാർ പങ്കാളിത്ത വിവാദത്തിൽ ആരാണ് തെറ്റ് ചെയ്തതെന്ന് കാലം തെളിയിക്കുമെന്നും സിപിഎം നേതാക്കളോട് മാത്രമല്ല, എല്ലാ നേതാക്കളുമായും ബന്ധമുണ്ടെന്നും കെ.വി. തോമസ് പറഞ്ഞു. താൻ നരേന്ദ്രമോദിയെ എതിർക്കുന്ന ആളല്ലെന്നും അദ്ദേഹവുമായി രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും വ്യക്തിബന്ധമുണ്ടെന്നും തോമസ് വ്യക്തമാക്കി.

09-Apr-2022