പാർട്ടി കോൺഗ്രസ്: കെ വി തോമസിന് ഊഷ്മള സ്വീകരണവുമായി സിപിഎം
അഡ്മിൻ
കോൺഗ്രസിന്റെ വിലക്കിനിടെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് കെവി തോമസ്( . പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനാണ് കെവി തോമസ് എത്തിയത്. 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിലാണ് സെമിനാർ. ചടങ്ങിലെ വിശിഷ്ടാതിഥിയാണ് കെവി തോമസ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് മുഖ്യതിഥി.
കെ വി തോമസിന് ഊഷ്മള സ്വീകരണമാണ് സിപിഎം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. യേശുക്രിസ്തുവിന്റെ ചിത്രവും ഉപഹാരമായി നൽകി. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാരിയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷ പ്രസംഗം. സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം കവർന്നെടുക്കുന്നെന്ന് കോടിയേരി പ്രസംഗത്തിൽ പറഞ്ഞു.
കെ വി തോമസിനെ വേദിയിലിരുത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നടത്തിയത്. കോൺഗ്രസ് അധ്യക്ഷ പദവിയിൽ കോണ്ഗ്രസുകാർ പോലും വെറുക്കുന്ന ഒരാൾ കടന്നു കയറിയതിന്റെ ദുരന്തമാണ് കെവി തോമസിന്റെ വിലക്കെന്ന് സ്വാഗത പ്രസംഗത്തിൽ എം.വി.ജയരാജൻ പറഞ്ഞു. ഇത് ഊരുവിലക്കാണെന്നും ജയരാജൻ തുറന്നടിച്ചു.
കെവി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായിട്ടാണ്. കോൺഗ്രസ് നേതാവായി തന്നെ പങ്കെടുക്കുന്നു. നാളെയും വലുത് ഒന്നും സംഭവിക്കാനില്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലർ അദ്ദേഹത്തിന്റെ മുക്ക് ചെത്തിക്കളയും എന്നു പറഞ്ഞു. പങ്കെടുക്കില്ല എന്നും പറഞ്ഞു. ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.