ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പുറപ്പെട്ടാല്‍ അംഗീകരിക്കില്ല; മുഖ്യമന്ത്രി

രാജ്യത്തെ പ്രാദേശിക ഭാഷയെ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ളവരും ഹിന്ദി സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അനുചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ളവരും ഹിന്ദി സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം തീര്‍ത്തും അനുചിതമാണ്. ഈ ഘട്ടത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നു. വ്യത്യസ്ത ഭാഷയും സംസ്‌കാരവും നിലനില്‍ക്കുന്നതാണ് രാജ്യത്തിന്റെ സവിശേഷത. ഭരണഘടനയില്‍ വ്യത്യസ്ത ഭാഷകള്‍ക്ക് പ്രധാന്യവും നല്‍കിയിട്ടുണ്ട്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം കൊണ്ടത് വലിയ പോരാട്ടത്തിലൂടെയാണ്.

വൈവിധ്യങ്ങളെ അംഗീകരിക്കാതിരിക്കുകയാണ് സംഘപരിവാര്‍ അജണ്ട. അതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെട്ട ഭാഷയാണ് ഹിന്ദി. ആ നിലയില്‍ ദേശീയ ഭാഷയായി ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ് ത്രിഭാഷ രീതി കേരളം അംഗീകരിച്ചത്. പ്രാദേശിക ഭാഷയെ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പുറപ്പെട്ടാല്‍ അത് അംഗീകരിക്കാനാകില്ല. അത് രാജ്യത്തിന്റെ ഐക്യം തകര്‍ക്കും. മലയാളിക്ക് മലയാളവും തമിഴ്‌നാട്ടുകാര്‍ക്ക് തമിഴും കര്‍ണാടകക്കാര്‍ക്ക് കന്നഡയും... എല്ലാം ജീവന്റെ സ്പന്ദനം കൂടിയാണ്.

09-Apr-2022