പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാണ്; അത് പറയാന്‍ എനിക്ക് അനുഭവമുണ്ട്: കെവി തോമസ്
അഡ്മിൻ
കെ റെയിലില്‍ എവിടെയങ്കിലും പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കുകയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ പ്ലാനിംഗ് കമ്മീഷന് പിരിച്ചുവിട്ടു. അതൊക്കെ സംസ്ഥാനങ്ങളെ വളരെ ബാധിച്ചു. അന്തര്‍ സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം ചെറുക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെവി തോമസ്.
എന്നെക്കുറിച്ചൊരു ആരോപണമുള്ളത് ഞാന്‍ കെ-റെയിലിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ്. സപ്പോര്‍ട്ട് ചെയ്യേണ്ടേ? ഞാന്‍ എതിര്‍ക്കണോ? വികസനത്തിന്റെ കാര്യത്തില്‍ അത് സഖാവ് പിണറായി വിജയനാണോ, സ്റ്റാലിനാണോ എന്നത് നോക്കിയല്ല നിലപാട് എടുക്കേണ്ടത്. രാജ്യത്തിന് ഗുണകരമാണോ, സംസ്ഥാനത്തിന് ഗുണകരമാണോ എന്ന് നോക്കിയാണ്. ഗുണകരമാണെങ്കില്‍ ആ പ്രോജക്ടിനൊപ്പം നമ്മള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാണ്. അത് പറയാന്‍ എനിക്ക് അനുഭവമുണ്ട്. 2013 ല്‍ ഞാന്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴാണ് ഗെയില്‍ പദ്ധതി വരുന്നത്. വികസനം വരുമ്പോള്‍ ഭൂമി എടുക്കേണ്ടി വരും. അത് വേദനയുള്ള കാര്യമാണ്. പക്ഷേ ഭൂമി എടുത്തിട്ടില്ലേ? തുമ്പ റോക്കറ്റ് സ്റ്റേഷന്‍ പള്ളിയും ശ്മാശനവും മാറ്റിയാണ് വന്നത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് വന്നതും അങ്ങനെ തന്നെ. ഞാന്‍ അന്ധമായി ഒരു പ്രോജക്ടിനെ സപ്പോര്‍ട്ട് ചെയ്യുന്നതല്ല.
കെ-റെയിലില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് പകരം പിണറായി വിജയനാണ് കൊണ്ടുവന്നതെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല, 1984 ലാണ് ഞാന്‍ എം പിയായി പാര്‍ലമെന്റിലെത്തിയത്. അന്ന് എന്നെ ഉപദേശിക്കാന്‍ പ്രഗത്ഭരായ നിരവധി നേതാക്കള്‍ ഉണ്ടായിരുന്നു. പിണറായി വിജയന്‍ കൊണ്ടുവന്നു എന്നത് കൊണ്ട് കെ റെയില്‍ പദ്ധതി എതിര്‍ക്കപ്പെടേണ്ടതില്ല. ഗുണകരമായ പദ്ധതിയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കണ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിനും കരുത്താകുമെന്നും ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ വന്നത് ശരിയായെന്ന് തോന്നുന്നുവെന്നും കെ വി തോമസ് പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ പാലിക്കണം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കണം എ കെ ജി പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നെഹ്‌റു ഓടിയെത്തുമായിരുന്നെന്നും കെ വി തോമസ് ഓര്‍മിപ്പിച്ചു. അതായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ചരിത്രമതാണ്. - കെവി തോമസ് പറഞ്ഞു.