എം.സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും

അന്തരിച്ച വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും സിപിഎം നേതാവുമായ എം.സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്. മൃതദേഹം ഇന്ന് അഞ്ച് മണി വരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി അങ്കമാലിയിലേക്ക് കൊണ്ടുപോകും. ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ച് കഴിഞ്ഞ ദിവസം ജോസഫൈന്‍ കുഴഞ്ഞുവീണിരുന്നു.
ആരോഗ്യനില വഷളായതോടെ ജോസഫൈനെ എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെയാണ് ജോസഫൈന്‍ കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചത്. വൈപ്പിന്‍ സ്വദേശിനിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി. ജിസിഡിഎ ചെയര്‍പേഴ്സണ്‍, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, അങ്കമാലി നഗരസഭാ കൗണ്‍സിലര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

10-Apr-2022