കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യം: സീതാറാം യെച്ചൂരി

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കരുത്താണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിൽ ഉത്തരം നല്‍കുകയായിരുന്നു യെച്ചൂരി.

ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമകരമായ ബദല്‍നയങ്ങള്‍ മാതൃകയാണ്. മാനവവിഭവശേഷി വികസനസൂചികയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. പട്ടിണിയും നിരക്ഷരതയും തുടച്ചു നീക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിന് ഇതു സാധ്യമാകുമെങ്കില്‍ രാജ്യത്തിന് മൊത്തത്തില്‍ എന്തുകൊണ്ട് കഴിയുന്നില്ലന്നെതാണ് ചോദ്യം. കേരളത്തിന്റെ മുന്നേറ്റം മറ്റ് ഭാഗങ്ങളിലും ഉണ്ടാകണമെന്നും അതിനാലാണ് ദേശീയ തലത്തില്‍ കേരള സര്‍ക്കാരിന്റെ മാതൃക ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഇക്കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ തൃണമൂല്‍ ഭീകരതയുടേയും സംഘര്‍ഷത്തിന്റേയും രാഷ്ട്രീയമാണ് പയറ്റുന്നത്. ഇവിടെയും തൃപുരയിലും താത്കാലിക തിരിച്ചടികള്‍ സിപിഐഎമ്മിന് ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മാത്രമല്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ അളവുകോലെന്നും യെച്ചൂരി വ്യക്തമാക്കി.

11-Apr-2022