സിൽവർലൈൻ അനിവാര്യമായ വികസന പദ്ധതി: സീതാറാം യെച്ചൂരി
അഡ്മിൻ
കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ ആവർത്തിച്ച് പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്നു എന്ന് വ്യക്തമാക്കിയ യെച്ചൂരി, കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയെ അനിവാര്യ വികസന പദ്ധതിയായാണ് ന്യായീകരിച്ചത്.
കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റ് സർക്കാറുകൾ കേരളത്തിൽ ഭൂ പരിഷ്കരണം ഉൾപ്പെടെയുള്ള നയങ്ങൾ നടപ്പാക്കി. പല വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ ജീവിത നിലവാര സൂചിക ഉയർത്താനുള്ള നടപടിയെടുത്തു. പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിച്ചു. കേരളത്തിലെ വികസനപ്രവർത്തനങ്ങൾ തുടരണം. കെ റയിൽ പോലുള്ള വികസന പദ്ധതികൾ സംസ്ഥാനത്തിന് വേണമെന്നും യെച്ചൂരി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട് എന്നാ വാർത്തകൾ പൂർണമായും തള്ളിക്കളയുന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. എന്തു തന്നെ വന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ പച്ചക്കൊടി.
"ബുള്ളറ്റ് ട്രെയിനിനായി മഹാരാഷ്ട്രയിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂമി നഷ്ടമാകുന്നവർക്ക് അർഹമായ തുക നൽകാത്തതിലാണ് പ്രതിഷേധം. മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. കേരളത്തിൽ സർക്കാർ ഭൂമി നഷ്ട്ടപ്പെടുന്നവരോട് നീതിപൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇരു പദ്ധതികളും തമ്മിൽ താരതമ്യം അസാധ്യമാണ്,'' സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.