ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിൽ എഞ്ചിനീയര്‍മാര്‍ക്ക് ടാബുകൾ വിതരണം ചെയ്യും: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിനുള്ള പ്രൈസ് ത്രീ സോഫ്റ്റ്‌വെയറിന്റെ ഭാഗമായി ഇ-എംബുക്ക് സംവിധാനം നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ടാബ്ലറ്റ് കംപ്യൂട്ടർ വിതരണം ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ, എക്സെെസ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കമ്പ്യൂട്ടറുകളുടെ വിതരണവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ സ്വരാജ് ഭവനിലെ സ്വരാജ് ഹാൾ ഉദ്ഘാടനവും ഏപ്രിൽ 12ന് രാവിലെ 10:30ന് മന്ത്രി ഉദ്ഘാടനം ചെയ്യും.

പൊതുമരാമത്ത് പ്രവൃത്തിയുടെ അളവുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിലൂടെയും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യതയിലൂടെയും ഈ രംഗത്തുള്ള അഴിമതി വലിയൊരളവ് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത് സഹായകമാവും. പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായ തയ്യാറാക്കി നല്‍കുന്നതിനും ഈ സോഫ്റ്റ്‌വെയര്‍ ഉപകാരപ്രദമാകും.

തദ്ദേശ സ്വയംഭരണ വകുപ്പിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് ടാബുകള്‍ നല്‍കുന്നത്. പൊതുമരാമത്ത് വകുപ്പിനെ അപേക്ഷിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ വളരെയേറെ എഞ്ചിനീയര്‍മാര്‍ നിര്‍വ്വഹണ രംഗത്തുള്ളതിനാല്‍ ഘട്ടംഘട്ടമായാണ് സോഫ്റ്റ്‌വെയര്‍ സേവനം പൂര്‍ണമാക്കുക.

ഇലക്‌ട്രോണിക് മെഷര്‍മെന്റ് ബുക്ക് ഉള്‍പ്പെടുന്ന പ്രൈസ് ത്രീ നടപ്പിലാക്കുന്നതോടെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിക്കുകയും പ്രവൃത്തികളുടെ ബില്‍ സമയബന്ധിതമായി കരാറുകാര്‍ക്ക് ലഭ്യമാവുകയും ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് എഞ്ചിനീയര്‍മാര്‍ക്ക് ടാബുകൾ വിതരണം ചെയ്യുന്നതെന്നും മന്ത്രി എം.വിഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

11-Apr-2022