കെ സുധാകരനുള്ളത് പ്രത്യേക അജന്‍ഡ: കെ വി തോമസ്

കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ നോട്ടീസിനു വിശദീകരണം നല്‍കാന്‍ 48 മണിക്കൂര്‍ സമയം മതിയാവുമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ നോട്ടീസിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു കെ വി തോമസ്.

പാര്‍ട്ടി വിലക്കു ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് കടുത്ത നടപടി സ്വീകരിക്കണം എന്ന ശുപാര്‍ശയാണ് കെ പിസിസി കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. കെ വി തോമസിനെതിരേ പാര്‍ട്ടിയുടെ നടപടി ക്രമം അനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുക.ആരോപണമുയര്‍ന്ന വ്യക്തിയില്‍ നിന്ന് വിശദീകരണം തേടാന്‍ ഒരാഴ്ചയാണ് കുറഞ്ഞ സമയമായി നിശ്ചയിച്ചിരിക്കുന്നത്.

അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്നും കെവി തോമസ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രത്യേക അജന്‍ഡയുണ്ടെന്ന് കെ വി തോമസ് ആരോപിച്ചു. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. അനധികൃത സ്വത്തു സമ്പാദിച്ചതായുള്ള വിവരമൊക്കെ എങ്ങനെയാണ് കിട്ടിയത്... വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെ.

പാര്‍ട്ടി നടപടിയെടുത്താലും ഇല്ലെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ് പറഞ്ഞു. അതുകൊണ്ടു തന്നെ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് തോമസ് പറഞ്ഞു.

11-Apr-2022