കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തിൽ ദമ്പതികൾക്ക് ആശംസകൾ നേർന്ന് രാജ്യസഭാ എം പി എ എ റഹീം. കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എംഎസിനും ജോയ്‌സനക്കുമാണ് റഹീം വിവാഹാശംസകൾ നേർന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവർക്കും ആശംസകൾ നേർന്നത്. അതേസമയം കോടഞ്ചേരി മിശ്രവിവാഹത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം. ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം പരസ്പരം സമ്മതത്തോടെയാണ് എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നുമായിരുന്നു പി മോഹന്റെ പ്രതികരണം.
കോടഞ്ചേരി വിഷയത്തിൽ പ്രതികരണം നടത്തിയ ജോർജ് എം തോമസിന് പിശക് പറ്റിയെന്നും പി മോഹനൻ ചുണ്ടിക്കാട്ടി. വിഷയത്തിൽ പ്രതികരിച്ച തനിക്ക് തെറ്റ് സംഭവിച്ചെന്ന് ജോർജ് എം തോമസ് പാർട്ടിയെ അറിയിച്ചു. ജോർജിന്റേത് നാക്കുപിഴയായി കണക്കാക്കുകയാണ്. അതോടെ ആ വിഷയവും അവസാനിച്ചതായും പി മോഹനൻ ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹം സംബന്ധിച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടന്നു എന്നും പി മോഹനൻ ആരോപിച്ചു. ലൗ ജിഹാദ് എന്ന പ്രചാരണം പുർണമായി തള്ളിയ കെ പി മോഹനൻ അത്തരം പ്രചാരണങ്ങൾ ആർ എസ്എസിന്റെതാണെന്നും വടകരയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.