'ലൗ ജിഹാദ്' പരാമർശത്തെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കില്ല; സീതാറാം യെച്ചൂരി

'ലൗ ജിഹാദ്' പരാമർശത്തെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ലൗ ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ, രാമ നവമിയുടെ പേരിൽ 10 സംസ്ഥാനങ്ങളിൽ അരങ്ങേറിയ കലാപം കേട്ടുകേൾവിയില്ലാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പത്ത് സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി.കുറ്റക്കാർക്കെതിരെ അതത് സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്ത് ജനജീവിതം പ്രതിസന്ധിയിലാണ്.രാജ്യത്തിൻ്റെ ആസ്തി കൊള്ളയടിക്കപ്പെടുന്നു.അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഈ വർഗീയ നീക്കമെന്ന് യെച്ചൂരി പറഞ്ഞു. ബംഗാൾ പീഡനവിഷയത്തിലും സീതാറാം യെച്ചൂരി പ്രതികരിച്ചു.ബംഗാളിൽ ക്രമസമാധാന വീഴ്ചയാണെന്നും ഭരണ പാർട്ടിക്കെതിരെ സിപിഐഎം തെരുവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആൻ്റി ബിജെപി വോട്ടുകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.രാജ്യം നേരിടുന്ന പ്രശ്നങ്ങളിലാണു സെമിനാർ നടത്തിയത്.അതിലേക്ക് കോൺഗ്രസ് നേതാക്കളെ വിളിച്ചു.രാജ്യവും ഭരണഘടനയും നിലനിൽക്കണമെന്നാണ് പാർട്ടി ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

13-Apr-2022