പാലക്കാട്ടെ കൊലപാതകങ്ങൾ വർഗീയ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ: കാനം രാജേന്ദ്രൻ
അഡ്മിൻ
പാലക്കാട് എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് പൊലീസിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസംവിധാനത്തിന് പരിമിതികളുണ്ടെന്നും ഈ കൊലപാതകങ്ങൾ വർഗീയ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചിട്ടല്ല വർഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നതെന്നും കാനം പറഞ്ഞു. അതേസമയം കേരളത്തിന്റെ മണ്ണ് വർഗീയ ശക്തികൾക്ക് വിട്ടുകൊടുക്കരുതെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇത്തരക്കാർക്ക് കേരളത്തിന്റെ മണ്ണ് വിട്ടുകൊടുത്താൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ കാണുന്നത്. വർഗീയവാദികളായിട്ടുള്ള രാഷ്ട്രീയക്കാർക്ക് ചേർന്ന മണ്ണല്ല കേരളം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും വോട്ട് ലഭിക്കാൻ വകയില്ലാത്ത ആളുകളാണ് ഇപ്പോൾ സ്വാധീനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിർക്കണം. സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.