എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കെ.വി.തോമസ്

അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് കെ.വി.തോമസ് വിശദീകരണം നല്‍കി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് നോട്ടിസ് നല്‍കിയത്. കാരണം കാണിക്കല്‍ നോട്ടിസുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിക്ക് മറുപടി നല്‍കിയെന്ന് കെ.വി.തോമസ് തന്നെ വ്യക്തമാക്കി.

എഐസിസി നേതൃത്വത്തിന് ഇ മെയില്‍ മുഖാന്തരം കൃത്യമായിട്ടുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് ഇ മെയില്‍ മുഖാന്തരവും സ്പീഡ് പോസ്റ്റായും മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു.

കെ സുധാകരനടക്കമുള്ള കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയാണ് കെ വി തോമസ്. 2014 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് കെവി തോമസിന്റെ ആരോപണം. തന്നെ മാറ്റി നിർത്താൻ കോൺഗ്രസിനുള്ളിൽ തന്നെ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താൻ നേരിട്ട വിമർശനങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കെവി തോമസിന്റെ ആരോപണം.

സുധാകരനെ രൂക്ഷ ഭാഷയിലാണ് കെ വി തോമസ് വിമർശിക്കുന്നത്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല.

തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചാണ് മറുപടി നല്‍കിയത്. വിശദീകരണം എഐസിസി അച്ചടക്ക സമിതി പരിശോധിക്കും. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് തീരുമാനം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് പോകേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് എന്തുകൊണ്ട് മാറിയെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തിലുണ്ടാകുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നാളെ സ്പീഡ് പോസ്റ്റായി കത്ത് നല്‍കും..

 

18-Apr-2022