സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകും: എംബി രാജേഷ്

പാലക്കാട്ടെ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. നാട്ടിലൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്ന് സ്പീക്കര്‍ ഒരു ചാനലിന് നൽകിയ സംഭാഷണത്തിൽ പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. സമാധാനയോഗം അതിന്റെ വഴിക്ക് നടക്കും, കേസ് മറ്റൊരു വഴിക്കും മുന്നോട്ട് പോകും, കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

അതേസമയം, പാലക്കാട് ജില്ലയിൽ നടന്ന ഇരട്ടകൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു.

18-Apr-2022