പാലക്കാട്ടെ സര്‍വകക്ഷിയോഗം വിജയകരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി പ്രതിനിധികള്‍ ഇറങ്ങി പോയതില്‍ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പോകാന്‍ തീരുമാനിച്ച് യോഗത്തിലേക്ക് വന്നാല്‍ അനുനയിപ്പിക്കാന്‍ സാധിക്കുമോയെന്നാണ് മന്ത്രി ചോദിച്ചത്.''പൊലീസിനെ കുറ്റപ്പെടുത്തിയ ശേഷം അവര്‍ ഇറങ്ങി പോകുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് യോഗം ചേരുന്നത്.

നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. തുടര്‍ ചര്‍ച്ചകളില്‍ ബിജെപിയെ സഹകരിപ്പിക്കാന്‍ ശ്രമിക്കും. കാരണങ്ങള്‍ കണ്ട് പിടിച്ച് ഇറങ്ങി പോകുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ബിജെപിക്കാര്‍ ഇവിടെയിരുന്ന് മറ്റുള്ളവരുടെ അഭിപ്രായം കൂടി കേട്ട് മനസിലാക്കണമായിരുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇവിടെ ഇരിക്കണമായിരുന്നു.''-മന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗം വിജയകരമായിരുന്നെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

ആസൂത്രിത അക്രമം ഉണ്ടാകുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ''വിഷയത്തില്‍ പൊലീസ് ശക്തമായ രീതിയില്‍ ഇടപെടും. യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകും. തീവ്രവാദസ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്. പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നതാണ് പ്രധാനം.

ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സമാധാനശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. സമാധാനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സമാധാനശ്രമം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചര്‍ച്ചകള്‍ നടത്തും.'' പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും കൃഷ്ണകുട്ടി വ്യക്തമാക്കി.

18-Apr-2022