സിൽവർ ലൈനിൽ ബോധവത്കരണ പരിപാടികളുമായി ഇടതുമുന്നണി

സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനങ്ങളുടെ എതിർപ്പ് ഇല്ലാതാക്കുക ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കം കുറിക്കും.

വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും നടത്താനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാർ അടക്കം രംഗത്തെത്തി ബോധവത്കരണം നടത്തും. വീടുകൾ കയറിയുള്ള പ്രചാരണങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി തദ്ദേശ സ്ഥാപനങ്ങളെയും രംഗത്തിറക്കും.

വികസനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസർക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കെ റയിലില്‍ കേന്ദ സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, കെ റെയിൽ പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സർക്കാരുണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സിൽവർ ലൈനിനെ എതിർക്കാൻ കോ ലി ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

19-Apr-2022