ഇടതുമുന്നണി ഇനിയും വിപുലീകരിക്കപ്പെടും: ഇപി ജയരാജൻ

നേതൃത്വം തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ദൗത്യമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഇടതുമുന്നണി ഇനിയും വിപുലീകരിക്കപ്പെടും. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് മുന്നണിയെ ഇനിയും വിപുലപ്പെടുത്താൻ ശ്രമിക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞത് .

ഓരോ സംഘടനകൾക്കും സമരം ചെയ്യാൻ അവകാശമുണ്ട്. അതിന് പിന്നിൽ പ്രവർത്തിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ അടിസ്ഥാനപ്പെടുത്തി സമരം നടത്താം. അങ്ങനെ സമരം നടത്തുന്നതിൽ തെറ്റില്ലെന്നും കെഎസ്ഇബിയുടെ തൊഴിലാളി യൂണിയനുകളുടെ സമരത്തോട് പ്രതികരിച്ചു കൊണ്ട് ഇ പി ജയരാജൻ പറഞ്ഞു. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിന് സിപിഐ എതിരല്ല. എന്നാൽ പദ്ധതിക്ക് എതിരാണ് സിപിഐ എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

19-Apr-2022