യുഡിഎഫിൽ എത്തിയ ആർഎസ്പി ഒന്നുമല്ലാതായി: ഇപി ജയരാജൻ

കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണി പ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫിൻറെ കവാടങ്ങൾ അടക്കില്ല. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്.

ആർഎസ്പി പുനർചിന്തനം നടത്തണം. യുഡിഎഫിൽ എത്തിയ ആർഎസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാർട്ടി ഈ നിലയിലെത്താൻ കാരണം. അവർ പുനപരിശോധന നടത്തിയാൽ നല്ലത്. എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കും. എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്.

പി.ശശിക്ക് പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ല. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്തമല്ല. തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ല എന്നും ഇ പി ജയരാജൻ പറഞ്ഞു.

പാർട്ടി കോൺഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിലും ഇ പി മറുപടി പറഞ്ഞു. പാർട്ടി നേതാക്കളെ ഓട്ടോറിക്ഷയിൽ കയറ്റാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതാക്കൾക്ക് നല്ല സൗകര്യം നൽകണം. ഇന്നോവ ആഡംബര വാഹനം അല്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

20-Apr-2022