പ്രാദേശിക ആസൂത്രണത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍

ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഏപ്രില്‍ 24ന് പ്രത്യേക ഗ്രാമസഭകള്‍ ചേരുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രാദേശിക ആസൂത്രണത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

സുസ്ഥിര വികസനത്തില്‍ ഊന്നിയുള്ള വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം ഇതിനോടകംതന്നെ ഏറെ മുന്നോട്ടു പോയി. പതിനാലാം പഞ്ചവത്സരപദ്ധതി ലക്ഷ്യാധിഷ്ഠിതമായ ആസൂത്രണത്തിലൂന്നിയാകണമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകണമെന്നും പദ്ധതി രൂപീകരണ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2022 ഏപ്രില്‍ 24നുള്ള പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകള്‍ ചേരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒറ്റ ഗ്രാമസഭയാണ് ചേരുകയെന്നും ഇവിടെ വാര്‍ഷിക പദ്ധതി മാര്‍ഗരേഖ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുമെന്നും ഇതിനായി കിലയുടെ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സഹായം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രാലയവും സംസ്ഥാനവും ഊന്നല്‍ നല്‍കുന്ന പത്തോളം വിഷയാധിഷ്ഠിത ലക്ഷ്യങ്ങളില്‍ ഓരോ പഞ്ചായത്തും മുന്‍ഗണന പട്ടിക തയ്യാറാക്കുകയും ഗ്രാമസഭയില്‍ അവതരിപ്പിക്കുകയും വേണം.

ആ മുന്‍ഗണനയില്‍ ആദ്യത്തേതാണ് പിന്നീട് കേന്ദ്ര മന്ത്രാലയത്തിലേക്കും ജില്ലാ ആസൂത്രണ സമിതിയിലേക്കും അറിയിക്കേണ്ടത്. വിശേഷാല്‍ ഗ്രാമസഭകള്‍ സംഘടിപ്പിക്കുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും കൈക്കൊള്ളണമെന്നും ഇങ്ങനെ നടക്കുന്ന ഗ്രാമസഭകളുടെ വിവരങ്ങള്‍ വൈബ്രന്റ് ഗ്രാമസഭ പോര്‍ട്ടലില്‍ അന്ന് തന്നെ അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

20-Apr-2022