ബുൾഡോസർ രാഷ്ട്രീയം തുടങ്ങിയത് യോഗി: തോമസ് ഐസക്
അഡ്മിൻ
ജഹാംഗീർപുരിയിൽ ബുൾഡോസറിനു മുന്നിൽ കൈചുണ്ടി നിൽക്കുന്ന ബൃന്ദ സാമൂഹ്യമാധ്യമങ്ങളിൽ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ് എന്ന് സിപിഎം നേതാവ് തോമസ് ഐസക്. ബുൾഡോസർ രാഷ്ട്രീയം തുടങ്ങിയത് യോഗിയാണ്. യുപിയിൽ നിന്ന് ബുൾഡോസർ രാഷ്ട്രീയം മദ്ധ്യപ്രദേശിലെത്തി. ഇപ്പോൾ ഡൽഹിയിലും. ഏപ്രിൽ 16-ന് രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് മനപൂർവ്വം വർഗ്ഗീയസംഘർഷം ഉണ്ടാക്കിയതായും തോമസ് ഐസക് തന്റെ ഫേസ്ബുക്കിൽ എഴുതി.
നരേന്ദ്ര മോദിയുടെ ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അജണ്ടകൂടിയാണ് തയ്യാറാക്കുന്നത്. ഉത്തർപ്രദേശിൽ ബുൾഡോസർ ബാബയായി മാറിയ യോഗി ആദിത്യ നാഥ് ഇടിച്ചുനിരത്തിയ വീടുകൾ ഏതാണ്ട് എല്ലാം മുസ്ലിംങ്ങളുടേതായത് യാദൃച്ഛികമല്ല. രാമനവമിയും ഹനുമാൻ ജയന്തിയും പോലുള്ള ഹിന്ദു ആഘോഷങ്ങൾ മുസ്ലീങ്ങൾക്കെതിരായ വർഗീയ കലാപങ്ങൾക്കുള്ള മറയാക്കുകയാണ് സംഘപരിവാർ എന്ന് തോമസ് ഐസക് മുന്നറിയിപ്പ് നൽകുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
കണ്ണൂർ പാർട്ടി കോൺഗ്രസിൽ വർഗ്ഗീയതയ്ക്കെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സ. ബൃന്ദാ കാരാട്ട് യോഗിയുടെ ബുൾഡോസർ ശിക്ഷാവിധിയെക്കുറിച്ച് ധാർമ്മികരോക്ഷത്തോടെ സംസാരിച്ചു. ഇന്ന് ജഹാംഗീർപുരിയിൽ ബുൾഡോസറിനു മുന്നിൽ കൈചുണ്ടി നിൽക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളിൽ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ്. വർഗ്ഗീയ ബുൾഡോസറുകളെ തടയുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണിത്.
ബുൾഡോസർ രാഷ്ട്രീയം തുടങ്ങിയത് യോഗിയാണ്. അദ്ദേഹം സ്വയം പ്രോസിക്യൂട്ടറും ജഡ്ജിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും ആക്രമണ കേസിൽപ്പെട്ടാൽ അവരുടെയും ബന്ധപ്പെട്ടവരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുപൊളിക്കുമെന്നാണു പ്രഖ്യാപനം. ഇതു ചെയ്യാൻ യാതൊരു നിയമവും ചട്ടവും അനുവദിക്കുന്നില്ലായെന്നുള്ളതൊന്നും യോഗിക്കു ബാധകമല്ല.
യുപിയിൽ നിന്ന് ബുൾഡോസർ രാഷ്ട്രീയം മദ്ധ്യപ്രദേശിലെത്തി. ഇപ്പോൾ ഡൽഹിയിലും. ഏപ്രിൽ 16-ന് രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് മനപൂർവ്വം വർഗ്ഗീയസംഘർഷം ഉണ്ടാക്കി. ഡൽഹിയിൽ ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത ലഹളയിൽ സ്വയംപ്രതിരോധിച്ച മുസ്ലിം പ്രദേശവാസികൾ അനധികൃതമായാണ് അവിടെ നിർമ്മാണ പ്രവൃത്തികൾ നടത്തിയതെന്നും അവ അടിച്ചുനിരത്തണമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഈ ആഹ്വാനം നടപ്പാക്കാൻ കെയർ ടേക്കർ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കച്ചകെട്ടിയിറങ്ങി.
ഒരു ഇടിച്ചുനിരത്തൽ നടത്താൻ ഇന്നലെ പ്ലാനിട്ടിരുന്നു. പോലീസിനെ കിട്ടാത്തതുകൊണ്ട് ഇന്നത്തേക്ക് മാറ്റി. അത് തടയണമെന്നാവശ്യപ്പെട്ട് ഇരകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി പക്ഷെ കനിഞ്ഞില്ല; കേസ് ഇന്ന് ഉച്ചത്തേക്ക് മാറ്റി.
ഒരാൾക്കുപോലും നോട്ടീസ് നൽകിയിട്ടില്ല. അവരുടെ വിശദീകരണം കേട്ടിട്ടില്ല. പക്ഷെ രാവിലെ മുതൽ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർക്കാൻ ആരംഭിച്ചു. AILU ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥും കപിൽസിബലും ദുഷ്യന്ത് ദാവേയും 10.45-ന് സുപ്രിംകോടതിയിൽ പെറ്റീഷൻ നീക്കി. കോടതി സ്റ്റേ നൽകി. എന്നാൽ ഗുണ്ടകളും പൊലീസും നിർബാധം അവരുടെ ബുൾഡോസർ ആക്രമണം തുടർന്നു. അങ്ങനെയാണ് 12.20-ന് സ. ബൃന്ദ കാരാട്ട് സുപ്രിംകോടതി വിധിയുമായിട്ട് പ്രാദേശിക ജനങ്ങളുമായി ഈ നിയമവിരുദ്ധ പ്രവർത്തനത്തെ ചെറുക്കുന്നതിനു രംഗത്ത് എത്തിയത്. തൽക്കാലം ഇടിച്ചുനിരത്തൽ നിർത്തിവച്ചിരിക്കുകയാണ്.
നരേന്ദ്ര മോദിയുടെ ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അജണ്ടകൂടിയാണ് തയ്യാറാക്കുന്നത്. ഉത്തർപ്രദേശിൽ ബുൾഡോസർ ബാബയായി മാറിയ യോഗി ആദിത്യ നാഥ് ഇടിച്ചുനിരത്തിയ വീടുകൾ ഏതാണ്ട് എല്ലാം മുസ്ലിംങ്ങളുടേതായത് യാദൃച്ഛികമല്ല. രാമനവമിയും ഹനുമാൻ ജയന്തിയും പോലുള്ള ഹിന്ദു ആഘോഷങ്ങൾ മുസ്ലീങ്ങൾക്കെതിരായ വർഗീയ കലാപങ്ങൾക്കുള്ള മറയാക്കുകയാണ് സംഘപരിവാർ.
വടക്കേ ഇന്ത്യയെപ്പോലെ കേരളത്തെയും മാറ്റാൻ അനുവദിക്കണമോയെന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ഹിന്ദുവർഗ്ഗീയ ഫാസിസത്തിന്റെ ബുൾഡോസർ ഇടിച്ചുനിരത്തലിനെതിരായി പ്രസ്താവന പോരാ ഇന്നു ബൃന്ദാ കാരാട്ട് ചെയ്തതുപോലെ കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു തെരുവിലിറങ്ങണം
20-Apr-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ