ദലിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍
അഡ്മിൻ
ദലിത് നേതാവും കോണ്‍ഗ്രസ് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന. അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം മേവാനിയുടെ ചില സമീപകാല ട്വീറ്റുകള്‍ തടഞ്ഞുവച്ചതായി ട്വിറ്റര്‍ അക്കൗണ്ടില്‍ കാണിക്കുന്നുണ്ട്. എന്നാൽ ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. എഫ്ഐആർ വിശദാംശങ്ങൾ നൽകാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്നേഷ് മേവാനി. അസമിൽ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങള്‍ അറിയില്ലെന്നും മേവാനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു