രാജ്യത്ത്‌‌ നടമാടുന്ന ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങളെ കോൺഗ്രസിന്‌ കാണാനാകുന്നില്ല: എ വിജയരാഘവൻ

രാജ്യത്ത്‌‌ നടമാടുന്ന ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങളെ കോൺഗ്രസിന്‌ കാണാനാകുന്നില്ല എന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ . ഇന്ത്യയുടെ മതേതര ജനാധിപത്യ പൈതൃകം അപകടാവസ്ഥയിലാകുന്ന സംഭവ വികാസങ്ങളെ നിസംഗതയോടെയാണ്‌ കോൺഗ്രസ് കാണുന്നത്‌. തെരഞ്ഞെടുപ്പുകളിൽ കുറെ സീറ്റ്‌ എങ്ങനെ കൈക്കലാക്കാമെന്ന ചർച്ചയിൽ പ്രശാന്ത്‌ കിഷോറിന്റെ പിന്നാലെ നടക്കുകയാണ്‌ കോൺഗ്രസ്‌ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഭീതി പരത്താൻ ബോധപൂർമായ ശ്രമങ്ങളാണ്‌ അരങ്ങേറുന്നത്‌. രാമനവമി, ഹനുമാൻ ജയന്തി ദിനാഘോഷങ്ങൾ വിശ്വാസത്തിന്റെ ഭാഗമായി മാത്രം ആചരിച്ചുപോകുന്ന രീതി ഇത്തവണ പാടേ മാറി. ഈ ദിനങ്ങളെ പാവപ്പെട്ട ന്യുനപക്ഷ വിഭാഗങ്ങളുടെ വീടുകളിലേക്ക്‌ ബുൾഡോസർ കയറ്റിയിറക്കാനുള്ള അവസരമാക്കുന്നു. ന്യായീകരിക്കാനാകാത്ത അതിക്രമങ്ങളാണ്‌ ഡെൽഹിയിലടക്കം അരങ്ങേറുന്നത്‌. അടുത്തകാലത്ത് ബിജെപി‌ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലാണ്‌ അതിക്രമങ്ങൾ വർധിക്കുന്നതെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി.

സവർണർ പ്രത്യേകം യോഗം ചേർന്ന്‌ കീഴ്‌ജാതിക്കാരെ ആക്രമിക്കാൻ തീരുമാനിച്ച്‌ നടപ്പാക്കുന്നു. ഡെൽഹിയിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ ന്യൂനപക്ഷത്തിനുനേരെ മാത്രമാകുന്നു. വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കലിലൂടെ സംഘർഷത്തിനും ഭിന്നിപ്പിക്കലിനും വിദ്വേഷ രാഷ്‌ട്രീയത്തിന്റെ പ്രചാരണത്തിനുമാണ്‌‌ നീക്കം. തെരഞ്ഞെടുപ്പ്‌ വിജയങ്ങൾക്കായി വർഗീയ സംഘർഷങ്ങൾ സൃഷ്‌ടിക്കാനുള്ള സംഘപരിവാറിന്റെ ഈ നീക്കത്തെ കാണാൻ കോൺഗ്രസിനാകുന്നില്ല.

രാജ്യത്ത്‌ സംഭവിക്കുന്നതൊന്നും കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളെ ബാധിക്കുന്നില്ല. അവരെ നയിക്കുന്നത്‌ സിപിഐ എം വിരോധം മാത്രം. ന്യൂനപക്ഷ, ഭൂപരിപക്ഷ വർഗീയതയുമായി കൈകോർത്ത്‌ കേരളത്തിന്റെ വികസനത്തെ തകർക്കുന്നതിലാണ്‌ താൽപര്യം. സിൽവർ ലൈൻ വിഷയത്തിലടക്കം ഈ അവഹിത കൂട്ടുകെട്ട്‌ നടത്തുന്ന പ്രചാരണങ്ങൾക്കൊപ്പമാണ്‌ ഒരുകൂട്ടം മാധ്യമങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

21-Apr-2022