എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കുള്ള വഴികാട്ടിയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പതിനാലാം പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസനലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളും വലിയ വിജയമാകേണ്ടതുണ്ട്. അതിന് പര്യാപ്തമാകുന്നതരത്തില്‍ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരഭരണ സ്ഥാപനങ്ങള്‍ക്കും വെവ്വേറെ മാര്‍ഗരേഖകളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ആധുനിക വൈജ്ഞാനിക മേഖലകളുടെ പിന്‍ബലത്തോടെ ഉല്‍പ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉതകുന്ന മാര്‍ഗരേഖയാണ് തയ്യാറായിട്ടുള്ളത്. പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ സമൂഹത്തെ സഹായിക്കും വിധമുള്ള മാര്‍ഗരേഖ കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

എല്ലാതരം പാര്‍ശ്വവല്‍ക്കരണങ്ങളെയും നിര്‍മാര്‍ജനം ചെയ്യുകയും അതിസാധാരണക്കാരെ കൂടി ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വികസനം സാധ്യമാക്കാന്‍ മാര്‍ഗരേഖ നിഷ്‌കര്‍ഷിക്കുന്നു. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഭാവനാപൂര്‍ണമായ പദ്ധതികള്‍ വിഭാവനം ചെയ്യാനും സമഗ്രമായ വികസന ഇടപെടലിലൂടെ കേരളീയ ജീവിതത്തിലെ ഗുണമേന്മയും സംതൃപ്തിയും സന്തോഷവും വര്‍ധിപ്പിക്കാനും ഈ മാര്‍ഗരേഖ ലക്ഷ്യമിടുന്നു.

സവിശേഷ വികസനലക്ഷ്യങ്ങളിലൂടെ പുതിയൊരു സമഗ്ര വികസന കാഴ്ചപ്പാട് ഈ മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നു. ദേശീയതലത്തിലെ ക്ഷേമ-വികസന മേഖലകളിലെ പ്രഥമസ്ഥാനം നിലനിര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പത്തൊന്‍മ്പതില്‍പ്പരം വിഷയങ്ങള്‍ക്ക് പൊതു മുന്‍ഗണന നല്‍കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കുള്ള വഴികാട്ടിയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖയെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

21-Apr-2022