രാജ്യത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം ഇന്ത്യൻ കമ്പനികളെ ദോഷകരമായി ബാധിക്കും; രഘുറാം രാജൻ
അഡ്മിൻ
രാജ്യത്തിന്റെ ന്യൂനപക്ഷ വിരുദ്ധത മൂലമുള്ള പ്രതിച്ഛായ വിദേശ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങളെ ബാധിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നടപടികൾ വിദേശ സർക്കാരുകൾ മനസിലാക്കുന്നുണ്ടെന്നും രഘുറാം രാജൻ പറഞ്ഞു. രാജ്യത്തിന്റെ ന്യൂനപക്ഷ സമീപനങ്ങൾ അന്താരാഷ്ട്ര വിപണി എന്നതിലുപരി അന്താരാഷ്ട്ര ബന്ധങ്ങളിലെ ഊഷ്മളതയേയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൈംസ് നെറ്റ്വർക്ക് ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കവേയായിരന്നു രഘുറാം രാജന്റെ പ്രതികരണം. 'എല്ലാ പൗരന്മാരോടും മാന്യമായി പെരുമാറുന്ന ഒരു ജനാധിപത്യ രാജ്യമായി പുറത്തുനിന്നുള്ള രാജ്യങ്ങൾ നമ്മളെ കാണുന്നുവെങ്കിൽ, അത് നമ്മുടെ രാജ്യത്തെ വിദേശ വിപണിയിൽ സഹായിക്കും. അത് നമ്മുടെ വിപണികൾ വളർത്തും.
ഒരു രാജ്യം വിശ്വസനീയമായ പങ്കാളിയാണോ, അല്ലയോ എന്ന് വിദേശ സർക്കാരുകൾ നോക്കുന്നത് ആ രാജ്യത്തിൽ നിന്ന് പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഉയിഗറുകളെയും ഒരു പരിധിവരെ ടിബറ്റൻകാരെയും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിൽ ചൈന ഇത്തരം പ്രതിസന്ധികൾ നേരിട്ടുണ്ട്,' രഘുറാം രാജൻ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ജഹാംഗീർപുരിയിലെ മുസ്ലിങ്ങളുടെ വീടുകളും ചെറിയ കടകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന നടപടികളുടെ വാർത്തകൾ ചർച്ചയാകുന്ന പശ്ചാത്തലത്തൽ കൂടിയാണ് രഘുറാം രാജന്റെ പ്രതികരണം. അതേസമയം, കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന മതപരമായ വിഭജനത്തിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷായും അടുത്തിടെ രംഗത്തെത്തിയിരുന്നു.
വർഗീയ വിഭജനം ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനത്തെ സാരമായി ബാധിക്കുമെന്നും ടെക്, ബയോടെക് മേഖലകളിലെ രാജ്യത്തിന്റെ 'ആഗോള നേതൃത്വത്തെ' വരെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. 'സംസ്ഥാനത്ത് വർധിക്കുന്ന മതപരമായ ഭിന്നത പരിഹരിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം,' കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ടാഗ് ചെയ്ത് കിരൺ മജുംദാർ ട്വീറ്റ് ചെയ്തു.