ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ


ആലപ്പുഴയിൽ മാരകായുധങ്ങളുമായി പിടിയിലായ ആർഎസ്എസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിനാണ് രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിക്കുകയും ഇവരിൽ നിന്ന് രണ്ട് വാളുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാൻ എത്തിയവരാണെന്ന പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്.

 

25-Apr-2022