ഹരിദാസൻ വധക്കേസ്; രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി

ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ.

കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതേസമയം, വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്.

25-Apr-2022