കേരള ബാങ്കിന് ദേശീയതല അവാർഡ്

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയതല അവാർഡ്. സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏർപ്പെടുത്തിയ അവാർഡിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്. സംസ്ഥാന സഹകരണ ബാങ്കുകളുടെ വികസനം പ്രത്യേകിച്ച് സഹകരണ മേഖലയിലെ വായ്പാ വിതരണത്തിന്റെ വളർച്ച ലക്ഷ്യമാക്കിയാണ് സംസ്ഥാന സഹകരണ ബാങ്കുകളുടെ അപ്പെക്സ് ഫെഡറേഷൻ ആയ NAFSCOB ന്റെ പ്രവർത്തനം.

1964 ൽ സ്ഥാപിതമായ ഈ സംഘടന 1982-83 മുതൽ സഹകരണ ബാങ്കിംഗ് രംഗത്തെ മികവിന് വിവിധ മേഖലയ്ക്ക് അവാർഡ് നൽകുന്നുണ്ട്. സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിനു പകരം ഗ്രാമീണ ജനതക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ദ്വിതല സംവിധാനം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.

ജനാധിപത്യ രീതിയിലുള്ള പ്രവർത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, വിവേകപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശപാലന രീതി, മികച്ച ലാഭനേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതിക വിദ്യയിലും കമ്പ്യൂട്ടറൈസേഷനിലും ഉണ്ടായ നേട്ടങ്ങൾ, നേതൃത്വപാടവം തുടങ്ങിയവ പരിഗണിച്ചാണ് പ്രവർത്തന മികവിനുള്ള ഒന്നാം സ്ഥാനം ദേശീയതലത്തിൽ കേരള ബാങ്കിന് ലഭിച്ചത്.

29-Apr-2022