ഹിന്ദുത്വ അജണ്ട ശ്രീനാരായണ ഗുരുവിൽ അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട രണ്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഗുരുനിന്ദയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ശ്രീനാരായണ ഗുരുവിൽ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നെന്നാണ് അദ്ദേഹം ആരോപിച്ചത്.

സിപിഎം ഔദ്യോഗിക പത്രമായ ദേശാഭിമാനിയിൽ എഴുതിയ.ലേഖനത്തിലാണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. `കേരളം ലോകത്തിന് സംഭാവന ചെയ്‌ത മഹാനായ നവോത്ഥാന നായകനും ആത്മീയാചാര്യനുമാണ് ശ്രീനാരായണഗുരു. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നല്ലതാണ്. എന്നാൽ, ആ അവസരം ഗുരുവിൻ്റെ ദർശനത്തെയും നിലപാടുകളെയും തിരസ്‌കരിക്കാനും സംഘപരിവാറിൻ്റെ കാവിവർണ ആശയങ്ങൾ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണ്´- കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറയുന്നു.

പ്രസംഗത്തിലൂടെ ഹിന്ദുത്വ അജണ്ട ഗുരുവിൽ അടിച്ചേൽപ്പിക്കാൻ മോദി ശ്രമിക്കുന്നുവെന്നും ഗുരുവിൻ്റെ പേര് മുസ്ലീം വിരുദ്ധ ലഹളയ്ക്ക് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

29-Apr-2022